നോ പാർക്കിംഗ്

നിയമപരമായ മുന്നറിയിപ്പ് : കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹമാണ്

3-4 വർഷങ്ങൾ മുൻപ്.

ബാൻഗ്ലൂരിലെ ഒരു സായാഹ്നം. ഓഫീസിൽ നിന്നും ഇറങ്ങുമ്പോ വെറുതെ പേഴ്സ് തുറന്നു നോക്കി. ആകെ 100 രൂപയുള്ളൂ. ഓഫീസിലെ എ.ടി.എം-ൽ നിന്നും പൈസ എടുത്താ മതി. പക്ഷെ അങ്ങനെയല്ലല്ലോ !.വരാനുള്ളത് വഴിയില്‍ തങ്ങാൻ പാടില്ലല്ലോ..അത് കൊണ്ട്… അത് കൊണ്ട് മാത്രം ഓഫീസിൽ നിന്നും പൈസ എടുക്കാതെ നേരെ വീട്ടിലേക്ക് തിരിച്ചു..

മടിവാള എത്തിയപ്പോൾ അവിടത്തെ സിറ്റി ബാങ്ക് എ.ടി.എം നു മുൻപിൽ നമ്മുടെ കഥാ നായകനായ ഹോണ്ട സ്റ്റണ്ണര്‍ നിർത്തി.
എ.ടി.എം ല്‍ നിന്നും 200 രൂപ എടുത്തു. 100 രൂപ നോട്ട് കിട്ടാൻ വേണ്ടി സാധാരണ 400 ആണ് കണക്ക്..പക്ഷെ മാസാവസാനം ആയ കാരണം 200 എടുത്തുള്ളൂ.

അങ്ങനെ പാട്ടും പാടി ബൈക്കിൽ കേറാൻ നോക്കുമ്പോ ,,,ങേ !! ബൈക്ക് കാണാനില്ല !!
വെറും 45 സെക്കന്റ്‌ ഞാൻ ഒന്ന് മാറി നിന്നപ്പോഴെകും ഈ സ്റ്റണ്ണർ ഇതെവിടെ പോയി.ഞാൻ വലതോട്ടു നോക്കി..’ഏയ്‌, ഇത് ,അങ്ങോട്ട്‌ പോകാൻ സാധ്യത ഇല്ല ‘

ഇടത്തോട്ട് നോക്കി. ആഹ, ദേ ഒരുത്തൻ വണ്ടി പൊക്കിയെടുത്തു മറ്റേ ലോറിയിൽ വെക്കുന്നു..ഏതു ലോറി? നമ്മുടെ നോ പാർക്കിങ്ങിൽ പാർക്ക്‌ ചെയ്‌താൽ എടുത്തു കൊണ്ട് പോകുന്ന ആ ലോറി തന്നെ .
‘ഈശ്വര!’, ഞാൻ അയാളുടെ അടുത്തേക്ക് ഓടി.

‘മെരാ ബൈക്ക് ‘

അത് നോ പാർക്കിംഗ് ആണെന്നും അത് കൊണ്ട് വണ്ടി പോലീസ് സ്റ്റേഷൻ കൊണ്ട് പോവുകയാണെന്നും അയാൾ എന്നോട് കന്നടയിൽ പറഞ്ഞു .

ഇത്രേം കാലം എത്രയോ തവണ ഇതേ സ്ഥലത്ത് പാർക്ക് ചെയ്തിരിക്കുന്നു ..ഇത് പെട്ടെന്നെങ്ങനെ നോ പാർക്കിംഗ് ആയി?
അയാൾ കന്നടയിൽ പിന്നെയും എന്തൊക്കെയോ പറഞ്ഞു..

കന്നഡ അറിയാത്ത ഞാൻ എത്തിപ്പെട്ടത് ഒരു സിംഗത്തിന്റെ മടയിൽ.ഇത്രേം കാലം സോഫ്റ്റ്‌വെയർ ജോലി ചെയ്തിട്ട് ഒരു പ്രോഗ്രാമിംഗ് ലാംഗ്വേജ് പോലും അറിയാത്ത എനിക്ക് എവിടെ കന്നഡ അറിയാൻ.ആകെ അറിയാവുന്ന കന്നഡ വാക്ക് മനസ്സിൽ ധ്യാനിച്ച് ഞാൻ ഒരു കാച്ചു കാച്ചി ,’ ഭയ്യ,അവിടെ നോ പാർക്കിംഗ് എന്ന് ഗൊത്തില്ല’

“അങ്ങനൊന്നും ഇനി പറഞ്ഞിട്ട് കാര്യമില്ലാ. നഹീന്ന് പറഞ്ഞാ നഹീ.” എന്ന ഭാവത്തിൽ അയാൾ തുടർന്നു ..
അവസാനം ഒരു 300 രൂപ തന്നു ബൈക്ക് എടുത്തോളാൻ അയാൾ പറഞ്ഞു.

ഇവന്മാരുടെ ഒരു സ്വഭാവം വെച്ച് ഇതിപ്പോ പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയാൽ അങ്ങോട്ടുള്ള വണ്ടിക്കൂലിയും നോക്ക് കൂലിയും എല്ലാം ഉൾപെടുത്തി വല്ല 500 രൂപ കൊടുക്കേണ്ടി വരും..ഇപ്പോഴാണെങ്കിൽ പ്രീ ലോഞ്ച് ഓഫർ ആയി 300 കൊടുത്താ മതി.പിന്നൊന്നും ആലോചിച്ചില്ല, 300 രൂപയെടുത്ത്‌ കൊടുത്തു വണ്ടി തിരിച്ചെടുത്തു…
അങ്ങനെ വണ്ടി എടുത്തു വീട്ടിൽ പോണ വഴിക്ക് ഒരു ചായേം പഴം പൊരീം കഴിക്കാമെന്നു വിചാരിച്ചപ്പോഴാ മറ്റൊരു കാര്യം ഓർമ വന്നത്..ഓഫീസിന്നു ഇറങ്ങുമ്പോ കൈയിൽ 100 രൂപ എങ്കിലും ഉണ്ടായിരുന്നു… .ഒന്ന് ATM കേറിയതാ ..അതും പൊയിക്കിട്ടി.. സംതൃപ്തിയായി !

ഇതാ പറയുന്നേ കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും ശിക്ഷാർഹാമാണെന്ന് ..സത്യം. എനിക്ക് അനുഭവം ഉണ്ട്!

Leave a comment